09:38pm 04 November 2026
NEWS

കേരളപ്പിറവി ആഘോഷത്തിന് നാടൻ രുചിയുടെ മേളയൊരുക്കി യുവകലാസാഹിതി ഖത്തർ

04/11/2026  05:52 PM IST
nila
 കേരളപ്പിറവി ആഘോഷത്തിന് നാടൻ രുചിയുടെ മേളയൊരുക്കി യുവകലാസാഹിതി ഖത്തർ

 

 

 

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) നേതൃത്വത്തിൽ ഖത്തറിലെ വിവിധ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി യുവകലാസാഹിതി ഖത്തർ ഒരുക്കിയ ഭക്ഷണശാല നാടൻ രുചിവൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. നവംബർ 1-ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടി ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശ്രീ. വേണുഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു.

യുവകലാസാഹിതി ഖത്തറിന്റെ ഭക്ഷണശാലയ്ക്ക് നേതൃത്വം നൽകിയത് വനിതാസാഹിതി അംഗങ്ങളായിരുന്നു. പൂർണമായും വീടുകളിൽ തയ്യാറാക്കിയ പത്തോളം പരമ്പരാഗത കേരളീയ വിഭവങ്ങളാണ് ഭക്ഷണശാലയിൽ ഒരുക്കിയത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ തനതായ രുചികൾ ഖത്തറിലെ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സംരംഭം.

വള്ളുവനാടൻ മീൻകറിയും കുമരകം കപ്പയും, കൊട്ടാരക്കര ഉണ്ണിയപ്പം, പാലക്കാടൻ ഇലയട, എഴുത്താണിക്കട വെട്ട് കേക്ക്, പൊന്നാനി തരിക്കഞ്ഞി, തുളുനാടൻ ഇഡ്ഡലി, അഴിക്കോടൻ അവിൽ വിളയിച്ചത്, മലബാർ കപ്പലണ്ടിയുണ്ട, ആലത്തൂർ പരിപ്പ് വട, വിവിധ മധുരപലഹാരങ്ങൾ തുടങ്ങി വ്യത്യസ്ത ദേശങ്ങളുടെ തനത് രുചികൾ ഭക്ഷണശാലയിൽ അണിനിരന്നു.

ഓരോ വിഭവത്തിനും പിന്നിൽ കേരളത്തിന്റെ വിവിധ ദേശങ്ങളുടെ പാചകപാരമ്പര്യവും രുചിവൈവിധ്യവും പ്രതിഫലിച്ചിരുന്നു. പൂർണമായും വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങളിലൂടെ കേരളീയ ഭക്ഷണസംസ്കാരത്തിന്റെ തനിമയും കുടുംബങ്ങളിലെ പാചകപാരമ്പര്യവും പ്രവാസലോകത്ത് പങ്കുവെക്കാൻ ഈ സംരംഭത്തിലൂടെ സാധിച്ചു.

കേരളത്തിന്റെ രുചിയും സംസ്കാരവും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമൊരുക്കിയ യുവകലാസാഹിതി ഖത്തറിന്റെ ഈ സംരംഭത്തിന് വനിതാസാഹിതി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും നേതൃത്വവുമാണ് കരുത്തായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img